വേർപാട്.

മനസ്സിന്റെ അടുക്കളയിൽ

അരി വയ്ക്കുവാൻ തീയില്ല.

കടലാസ്സിലെഴുതാത്തൊരായിരം

പ്രേമലേഖനങ്ങളെടുത്തു കത്തിച്ചു.

അടുപ്പിൻ ചോട്ടിൽ ബാക്കിയായ

ചാരത്തിലെന്റെ പേരെഴുതി.

അർത്ഥങ്ങളസ്തമിച്ചോരെൻ മുഖം നേർക്ക്

ചാരമണിഞ്ഞ നാമം പുച്ഛമാരി ചൊരിഞ്ഞു.

ആത്മാഹൂതിയുടെ ശേഷിപ്പുകളാം ഭസ്മ-

ധൂളികകളൊരുപിടി കൈയ്യിലെടുത്തരിക്കലത്തിട്ടു.

ഇന്നത്തെയത്താഴത്തിനെന്താ സ്വാദ്!

ആയിരം സ്വപ്നങ്ങളുടെ മധുരം,

അതിലധികം ചുംബനങ്ങളുടെ ചൂട്,

കണ്ണുനീരിന്റെയുപ്പ്, മരണത്തിന്റെ എരിവ്.

സ്വന്തം ചിതയിലെ ശവമത്രയും തിന്നു.

കഴുകനാണ് ഞാൻ,

എങ്കിലും വിശപ്പടക്കേണ്ടെ?!

Write a comment ...